പത്തനംതിട്ട: സ്ത്രീവിരുദ്ധത പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും അംഗീകരിക്കാനാകില്ലെന്നും അവര്‍ ഇരുണ്ട കാലഘട്ടത്തിന്റെ വക്താക്കളാണെന്നു ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക സമ്മേളനവും ഓണാഘോഷ പരിപാടികളും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട് അസമത്വങ്ങള്‍ക്ക് ഇരകളായിരുന്ന സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഭരണഘടനാപരമായ നിയമങ്ങളും സാമൂഹ്യ പരിവര്‍ത്തന പ്രസ്ഥാനങ്ങളും നല്കിയ സംഭാവനകള്‍ ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും വര്‍ത്തമാനകാല സമൂഹം ഇത് അംഗീകരിക്കില്ലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അധ്യക്ഷത വഹിച്ചു. അബിന്‍ വര്‍ക്കി എംഎല്‍എ, സി.വി. ശാന്തകുമാര്‍ എംഎല്‍എ, മാലേത്ത് സരളാദേവി എക്സ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ലീല രാജന്, എലിസബത്ത് അബു, സാമുവല്‍ കിഴക്കുപുറം, അന്നമ്മ ഫിലിപ്പ്, സുജാത മോഹന്‍, മേഴ്സി പാണ്ഡ്യത്ത്, സിന്ധു അനില്‍, മഞ്ജു വിശ്വനാഥ്, ആശ തങ്കപ്പന്, എം. അനിലാ ദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.